മറവി
#####
നിന്നെ ഞാൻ മറന്നുപോയിരിക്കുന്നു
ചാലിയാറിന്റെ
തീരങ്ങളിലെ
സൗഗന്ധികപ്പൂക്കളിൽ
നാമൊന്നായി
പുലർന്നിരുന്ന
ഋതുഭേതങ്ങൾ
കടത്തുതോണിയുടെ
ഇരുതുഴകളൊന്നിച്ചെറിയുമ്പോൾ
നിന്റെ കണ്ണുകളിൽ പൂവിട്ട
പ്രണയത്തിരമാലകളുടെ
വേലിയേറ്റം
നിൻ മാറിലൊട്ടിയ
പുസ്തകമാകാൻ
കൊതിച്ചറിഞ്ഞതിനു
കളിയാക്കിച്ചിരിച്ച
താളുകൾ
ചാന്തിട്ട
കൈവിരലുകൾ
കുഞ്ഞോളങ്ങളുടെ
ചൊടികളിൽ
തലോടവേ
എന്നിൽ പിറവിയെടുത്ത
കവിതകൾ
കരയ്ക്കടുക്കവേ
തോണിക്കൊപ്പമുലഞ്ഞ
നിൻ മുടിയിഴകളിൽനിന്നു
എന്നിലേക്കുവീണ ചെമ്പകപ്പൂ
അതിൽ പൂത്തുലഞ്ഞ
വസന്തങ്ങൾ
അവസാനകല്പടവിൽനിന്നു
തിരിഞ്ഞെന്നിലേക്കു
മിഴിയെറിയവേ
അറിയാതെ
നിന്നിൽ വിരിഞ്ഞുപോയ
ഇനിയുമുണങ്ങാത്ത
പുഞ്ചിരിയിതളുകൾ
തിരികെയാത്രയിൽ
നീ നോക്കിനാൽ,
മൗനങ്ങളാൽ,
കവിതജാലകങ്ങൾ
ഓരോന്നായി
തുറന്നിടുമ്പോൾ
എന്നിലേക്കു
പറന്നിറങ്ങിയ
ഋതുഘോഷയാത്രകൾ
എല്ലാം
ഞാൻ മറന്നുപോയിരിക്കുന്നു.
----------
കിനാവ്