Monday, 20 July 2020

ഇലഞ്ഞിപ്പൂമണം

ഇലഞ്ഞിപ്പുമണമുള്ള ചുംബനങ്ങൾ
***************
ഇലഞ്ഞിപ്പൂമണമുള്ള
ഓർമ്മചുംബനങ്ങളാണ്
ഇന്നെന്നെയുണർത്തിയത്

പിന്നെ 
കാടായകാടും
മേടായമേടും
ഈ കള്ളക്കർക്കിടകത്തിലെ
തുള്ളികളെ
വകഞ്ഞുമാറ്റി
ഞാൻ നടന്നു.

ബാണാസുരമലയിൽവച്ച്
എത്ര അട്ടകളാണ്
കണ്ണിൽചോരയില്ലാതെ
എന്റെ കാലിൽ
കടിച്ചുതൂങ്ങി
വീർത്തത്.

നിൻ മുടിയിൽ
ചൂടാൻമാത്രം
സുഗന്ധിപ്പൂക്കൾ
എവിടെക്കിട്ടുമെന്നായിരുന്നു
എന്റെ തേടൽ

കിട്ടിയത്
എന്നെപ്പോലെ
ഇന്നലെയുടെ
ഇലഞ്ഞൂപ്പുമണം
പേറുന്ന
ഈ കായകളാണ്.

നീയെന്നോടു പിണങ്ങരുത്
ഞാനെൻ
നടുമുറ്റത്തൊരു
മരം നട്ടിട്ടുണ്ട്.
ഇനി നീ വരുമ്പോഴേക്കും
നിന്നോടു സുഗന്ധം
കടംചോദിക്കാൻ
പൂക്കൾ വിടർന്നിട്ടുണ്ടാകും
അതുനിറയെ

അല്ല,
ഞാൻ മറന്നു
നീയെന്നാണു
കോറന്റൈനിൽനിന്നു
പുറത്തുകടക്കുക.

നാളെയിനി
വെള്ളരിമലയിലേക്കൊരു
യാത്രപോകണം
ആ തടാകക്കരയിലെങ്ങാൻ
പൂക്കൾ
അവശേഷിക്കുന്നുണ്ടാകുമോ!

ഒരപ്സരകന്യകയായ്
നീയും വരൂ,
തടാകക്കരയിലേക്ക്!
--------
കിനാവ്





No comments:

Post a Comment