Wednesday, 24 December 2014

പകൽ കിനാവ്

പകൽ കിനാവ്

തിരികെവേണമെനിക്കെൻ ബാല്യം
പകരംതരാം ഞാൻ  എന്നെത്തന്നെ

കൂട്ട്കാരുമൊത്ത് വേനലവധിയിൽ,
ഞായറാഴ്ചകളിൽ,
ആർത്തട്ടഹസിച്ച്
പുഴയിൽ നീന്തിതുടിച്ച് അർമാദിച്ചിരുന്നകാലം
ആ ബാല്യകാലം

മണ്ണിട്ട നടുറോഡിൽ,
കുഴികുത്തി മൂന്നെണ്ണം,
ഗോലി കളിച്ചിരുന്ന ആ വസന്തകാലം

കൊയ്തെടുത്ത പാടത്ത്   കുട്ടിയും കോലും കളിച്ചിരുന്ന ആ സന്തോഷകാലം

സ്കൂൾ വിട്ട് വീട്ടിലെത്തും മുൻപ്
നിക്കറുമിട്ട് തലമൻ പന്ത്
കളിച്ചിരുന്ന ആ കളിക്കാലം

തിരികെവേണമെനിക്കെൻ ബാല്യം

കൂവയിലയിൽ ഉപ്പ്മാവ് വാങ്ങി
സ്കൂൾ വരാന്തയിൽ നിന്നാർത്തിയോടെ തിന്നിരുന്ന ആ കുട്ടിക്കാലം

കൃത്രിമത്വമില്ലാതെ,
കള്ളിച്ചെടിയുടെ
ഇലപൊട്ടിച്ച്, വർണ്ണാഭമായ കുമിളകൾ
ഊതിവിട്ടിരുന്ന ആ കാലം
അതിനെ എത്തിപ്പിടിക്കാനും
കയറിയിരുന്നു
ആകാശനീലിമയിൽ ചേക്കാറാനും
മോഹിച്ചിരുന്ന ആ മോഹകാലം

തിരികെവേണമെനിക്കെൻ ബാല്യം

പകരംതരാം ഞാൻ  എനിക്കുള്ളതെല്ലാം

കുയിൽപ്പാട്ടിന്നതെർപ്പാട്ടുമായ്
പുഞ്ചനെൽപ്പാട വരമ്പിലൂടെ
ഉച്ചത്തിൽ കൂകിവിളിച്ച്കൊണ്ട്
ഓടി നടന്നിരുന്ന ആ വിരുന്നുകാലം

ബബ്ലിമൂസ് നാരങ്ങ പഴുത്ത് തുടുക്കുമ്പോൾ
കൂട്ടമായ് പോയ് പോട്ടിച്ച്
ഉപ്പും മുളകും ചേർത്ത്
വട്ടം കൂടിയിരുന്നിരുന്ന ബാല്യം
വെടിപറഞ്ഞ്
അകത്താക്കിയിരുന്ന ആ ഉന്മാദകാലം

കല്ലും വടിയുമായ്
എതു പറമ്പിലെ നാട്ട്മാവിൻ ചുവട്ടിലും
മാങ്ങപറിക്കാൻ ഓടിക്കൂടിയിരുന്നകാലം

വേർതിരിക്കലിന്റെ    അതിർവരമ്പുകളില്ലാതിരുന്ന
ആ മാമ്പഴക്കാലം..
വായിൽ വെള്ളമൂറും ആ നാട്ട്മാവിൻ
ചുവട്....

ആട് മേയ്ക്കുന്ന കുന്നിൻ ചെരുവിൽ
കൂട്ട്കാരുമായ് ഒത്തുകൂടി
തേൻ വരിക്കചക്കപറിച്ച്
പങ്ക് വച്ചിരുന്ന ആ
പളുങ്ക് പങ്കുകാലം...

തിരികെവേണമെനിക്കെൻ ബാല്യം

പകരമെടുത്തോളൂ എനിക്കുള്ളതെല്ലാം
എന്റെ സ്വത്തും, യുവത്വവും, പണവും
സൗഭാഗ്യങ്ങളും

തിരികെവേണമെനിക്കെൻ ബാല്യം
എന്റെ
   എന്റെ
  മാത്രമായ എന്റെ ബാല്യം

മകരമാസത്തിൻ മരംകോച്ചും
തണുപ്പിൽ
നേരം പുലരും മുമ്പ്
വയലോരത്തെ കുളത്തിൻ
കുളിക്കുമായിരുന്ന
മകരമാസക്കാലം

തിമിർത്തുപെയ്യും മഴയതിൽ
നെഞ്ചോട് ചേർത്തുവച്ചപുസ്തകകെട്ടും
പുത്തൻ കുടയുമായ്
കാട്ടാറിനോടും, പുൽനാമ്പിനോടും
കിന്നാരം പറഞ്ഞ്, അക്ഷരം പഠിക്കാൻ
പോയിരുന്ന ആ സ്കൂൾക്കാലം

ചുണ്ടങ്ങയും അച്ചിങ്ങയും പറിച്ച്
കൈത്തോട്ടിലൂടൊഴുക്കി
അതിനൊപ്പം നടന്നിരുന്ന
ആ കുട്ടിക്കാലം

തിരികെവേണമെനിക്കെൻ ബാല്യം

പകരമെടുത്തോളൂ എനിക്കുള്ളതെല്ലാം
എന്റെ സ്വത്തും, യുവത്വവും, പണവും
സൗഭാഗ്യങ്ങളും എല്ലാമെല്ലാം

വയൽ വരമ്പിലൂടെ ഓടിക്കളിക്കുമ്പോൾ
ഞണ്ട് തോട്കോണ്ട് കാൽ മുറിഞ്ഞപ്പോൾ
കൂട്ട്കാരുടെ തോളിലേറി
വീട് പുൽകിയ ആ സ്നേഹകാലം

തിമിർത്ത് പെയ്യും മഴയത്തു
ഇറയത്തെ മഴവെള്ളത്തിൽ
കടലാസു തോണിയിറക്കി
കളിച്ച ആ കുളിരും മഴക്കാലം

തിരികെവേണമെനിക്കെൻ ബാല്യം

പകരമെടുത്തോളൂ എന്നെതന്നെ

റോട്ടിലും പാടവരമ്പത്തും ചെളിവെള്ളം തെറിപ്പിച്ചു, ഓടിക്കളിച്ച ആ കുസൃതിക്കാലം

പ്ലാവിൻ കൊമ്പിനാൽ
തുടയിൽ കുസൃതിക്കുമറുപടിയായ്
പടം വരച്ചിറുന്ന ഉമ്മതൻ
കരവിരുതിൻ നൊമ്പരകാലം

തിരികെവേണമെനിക്കെൻ ബാല്യം

പള്ളിനേർച്ചയും, പള്ളിപ്പെരുന്നാളും
ഉത്സവപറമ്പും സ്വന്തമായിരുന്ന
ആ ഉത്സവകാലം

ബലൂണിൻ നിറചാർത്തും
കുപ്പിവളകളും, പൊട്ടാസ് തോക്കുകളുമായ്
ഒത്തുകൂടിയിരുന്ന  ഉത്സവകാലം

കുന്നിൻ ചെരുവിലൂടെ ഓടിനടന്നു
പിടിച്ചിരുന്നു
പൂമ്പാറ്റകളും, തുമ്പികളും....
ആ മനോഹരകാലം

ഓടിച്ചിട്ട് പിടിച്ച അണ്ണാൻ
കടിച്ച് കൈമുറിച്ചപ്പൊൾ
കരഞ്ഞ് ഓടിയെത്തിയ ഉമ്മച്ചി  തൻ
മടിത്തട്ട്. ആ  വാത്സല്യത്തിൻ
വാത്സല്യ കാലം

കൊഞ്ചികുത്തിമറയുന്ന ആട്ടിൻ
കുട്ടികളുള്ള മുറ്റം...നിഷ്ക്കളങ്കതതൻ കാലം

തിരികെവേണമെനിക്കെൻ ബാല്യം

പകരമെടുത്തോളൂ
എന്നെത്തന്നെ
വേണ്ടെനിക്കൊന്നുമേ വേണ്ട
ബാല്യം മതി
എനിക്കാ ബാല്യം മതി

ചക്കയും, ചക്കരമാവും
നാട്ടുമാങ്ങയും, കുറുക്കൻ മാങ്ങയും
കാട്ട്നെല്ലിക്കയും, പാസ്സൻഫ്രൂട്ടും
തുമ്പിയും തുമ്പപ്പൂവും
കൊങ്ങിണിപ്പൂ തൻ ഓണവും
കാടിൻ മടിത്തട്ടിലെ സ്ഫടികനീർ
തുള്ളികളും

ഉമ്മയുടെ നേർവഴികളും...
ഒരു നോട്ടത്തിൽ എല്ലാം പറയുന്ന
പൊന്നുബാപ്പതൻ കരുതലും...

കണ്ണുനിറയുന്നു.....

വേണമെനിക്കെല്ലാം തിരികെ വേണം
വേണ്ടെനിക്കീ കപടലോകം

തിരികെ വേണമെനിക്കെൻ ബാല്യം
പകരം തരാം ഞാൻ
പകരം തരാം ഞാൻ
എന്നെത്തന്നെ, എനിക്കുള്ളതെല്ലാം

കിനാവ്

No comments:

Post a Comment